കൊച്ചി: കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ചു മാതാപിതാക്കള്‍ തമ്മിലുള്ള കേസിനു സാക്ഷ്യംവഹിച്ച്, കോടതിമുറിയിലിരുന്ന ആറുവയസുകാരന്റെ അരികിലെത്തി സന്ദേശം കൈമാറിയ അജ്ഞാതനായ അഭിഭാഷകനെ കണ്ടെത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ്.
ആരോടൊപ്പം പോകാനാണു താത്പര്യമെന്ന് ചോദിച്ചറിയാനായി കോടതിയുടെ നിര്‍ദേശപ്രകാരം അമ്മ കുട്ടിയെ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം.
അച്ഛനോടൊപ്പമായിരുന്ന കുട്ടി രാവിലെ കോടതിഹാളില്‍ ഹാജരായപ്പോള്‍ സന്തോഷവാനായിരുന്നു. ചേംബറില്‍വച്ച് കുട്ടിയോടു മാത്രം സംസാരിക്കാന്‍വേണ്ടി അമ്മയോട് പുറത്തുനില്ക്കാന് നിര്‍ദേശിച്ചപ്പോള്‍ കുട്ടിക്ക് പരിഭ്രാന്തിയായി. വിവരം തിരക്കിയപ്പോഴാണു കോടതിഹാളില്‍ അഭിഭാഷകയോടൊപ്പം ഇരിക്കുമ്പോള്‍ അഭിഭാഷകന് സന്ദേശം നല്‍കിയതായി അറിയിച്ചത്.
അച്ഛന് പുറത്ത് കാത്തുനില്‍പ്പുണ്ടെന്ന് അറിയിച്ച് അയാള്‍ ഉടന്‍ പുറത്തേക്കു പോയെന്നും അറിയിച്ചു. ഭയന്നുപോയ കുട്ടിയോട് ആരോടൊപ്പം പോകാനാണു താത്പര്യമെന്നു ചോദിച്ചറിയാന്‍ കോടതിക്കു സാധിച്ചില്ല.
അച്ഛനോടു കോടതിയില്‍ വരരുതെന്ന് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. പക്ഷേ അച്ഛൻ കോടതിപരിസരത്ത് ഉണ്ടായിരുന്നുവെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായി. അഭിഭാഷകന് ആരെന്നു കണ്ടെത്താനായി കോടതിയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും തിരിച്ചറിയാനായില്ല.
ജസ്റ്റീസുമാരായ നിഷ ബാബു, ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് അഭിഭാഷകനെ കണ്ടെത്താന്‍ രജിസ്ട്രിയോട് ഉത്തരവിട്ടു.
ഹൈക്കോടതി അഭിഭാഷക അസോസിയേഷന്, ബാര്‍ കൗണ്‍സില്‍ തുടങ്ങിയ സംഘടനകളുടെ സഹായം തേടാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഹർജിക്കാരായ മാതാപിതാക്കളോട് മീഡിയേഷന് സെന്ററില്‍ ഹാജരാകാനും നിര്‍ദേശിച്ചു. വിഷയം 19 ന് പരിഗണിക്കാന്‍ മാറ്റി.